കൊച്ചി: കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയെ ആക്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർക്ക് നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ സേനയ്ക്കുള്ളിൽ അമർഷം രൂക്ഷം.
അലങ്കാർ ബസിലെ കണ്ടക്ടറായ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറി(24)നെയാണ് എറണാകുളം നോർത്ത് പൊലിസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ നോർത്ത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥൻ ആക്രമണത്തിന് ഇരയായിട്ടും പ്രതിയോട് പൊലിസ് മൃദുസമീപനം സ്വീകരിച്ചതിൽ സേനയ്ക്കുള്ളിൽ തന്നെ വലിയ അമർഷവും പ്രതിഷേധവും പുകയുകയാണ്.
കഴിഞ്ഞ മാസം ഒമ്പതിന് കച്ചേരിപ്പടിക്ക് സമീപം കാർ തടഞ്ഞുനിർത്തി യാത്രക്കാരെ വധഭീഷണി മുഴക്കിയ കേസിലാണ് നോർത്ത് എഎസ്ഐ സുനിൽ പി. ജലീലും സിപിഒ അജിലേഷും പ്രതിയെ പിടികൂടാനെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളം കച്ചേരിപ്പടി ജംഗ്ഷനിൽ വച്ച് മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥർ അലങ്കാർ ബസ് തടഞ്ഞുനിർത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ, ബസിൽ വച്ച് എഎസ്ഐ സുനിലിന്റെ മുഖത്ത് കൈമുട്ടുകൊണ്ട് ആഞ്ഞിടിക്കുകയും നിലത്തേക്ക് വലിച്ചിടുകയും ചെയ്ത ശേഷമാണ് പ്രതി കീഴടങ്ങിയത്.
പൊലിസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കർശനമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും കേരള പൊലിസ് ആക്ട് 117(ഇ) എന്ന നിസാരമായ ജാമ്യവകുപ്പ് മാത്രമാണ് നോർത്ത് പൊലിസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്.ഇത് പ്രതിക്ക് സ്റ്റേഷനിൽ നിന്ന് തന്നെ വളരെ എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ വഴിയൊരുക്കി.
പ്രതിക്കെതിരെ 2024ൽ ബൈക്ക് മോഷണം, മൊബൈൽ ഫോൺ മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയായ വ്യക്തിയോട് നോർത്ത് പൊലിസ് ഇത്തരം വിചിത്രമായ മൃദുസമീപനം സ്വീകരിച്ചതാണ് സേനയ്ക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയത്.
അതേസമയം, പ്രതി അൻസാർ സമാനമായ രീതിയിൽ കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ മറ്റൊരു സംഭവത്തിൽ മുമ്പ് കാര്യക്ഷമമായി നടപടിയെടുക്കാൻ വൈകിയ തൃക്കാക്കര പൊലിസിനെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. യാത്രക്കാരൻ നൽകിയ പരാതിയിൽ കേസ് എടുക്കുന്നതിന് പകരം ബസ് ഉടമയെ മാത്രം വിളിപ്പിച്ചു വരുത്തി പിഴ അടപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നവെന്ന ആരോപണവും ഉയരുന്നുണ്ട്.
അതിനിടെ അൻസാറിന്റെ തുടർച്ചയായ ക്രിമിനൽ പശ്ചാത്തലവും പുതിയ സംഭവങ്ങളും പുറത്തുവന്നതോടെ തൃക്കാക്കര പൊലിസും ഇയാൾക്കെതിരെ അന്വേഷണം വീണ്ടും ഊർജിതമാക്കിയിരിക്കുകയാണ്.